വരിക വരിക സഹജരെ ....അംശി നാരായണ പിള്ള എന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര പടയാളിയുടെ പാട്ട്

വരിക വരിക സഹജരെ ....അംശി നാരായണ പിള്ള എന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര പടയാളിയുടെ പാട്ട്

1896 ഒക്ടോബർ 11ന് തിരുവിതാംകൂറിലെ അംശിയിൽ ജനിച്ച അംശി നാരായണപിള്ള പഠന കാലത്താണ് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായത്.തുടർന്ന് 1924ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കാളിയായി.അതേ വർഷം തന്നെ തിരുവനന്തപുരത്ത് നിന്നും മഹാത്മാ എന്ന പേരിൽ വാരികയും ആരംഭിച്ചു.പിന്നീട് പി. കേശവദേവുമായി ചേർന്ന് തൃശ്ശൂരിൽ നിന്നും മഹാത്മാ ദിനപ്പത്രമായി പ്രസിദ്ധീകരിച്ചു.1927ൽ ബാരിസ്റ്റർ എ കെ പിള്ളയുടെ സ്വരാജ് വാരികയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചു.അക്കാലത്ത്  മഹാത്മാ ഗാന്ധിയെ ശ്രീരാമനായും, ഭാരതത്തെ സീതയായും, ബ്രട്ടീഷുകാരെ രാവണനായും ചിത്രീകരിച്ച് അംശി രചിച്ച ഗാന്ധിരാമായണം, രണ്ടാം ഭാരതയുദ്ധം,ഭാഗത് സിങ്,ജാലിയൻ വാലാബാഗ് എന്നീ കവിതകളും മദ്രാസ് സർക്കാരിന്റെ നിരോധനം നേരിട്ടു.

വരിക വരിക സഹജരെ...

ചിത്രം കടപ്പാട് : ദൂരദർശൻ

1930ൽ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുക്കാനായി 25 പേരടങ്ങുന്ന സംഘത്തോടൊപ്പം മലബാറിലേക്ക് ഈ കവിതപാടി കാൽനടയായാണ് അംശി നാരായണ പിള്ള യാത്ര ചെയ്തത്.സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ മനസ്സിലാക്കുന്ന ഗാനം പിന്നീട് കേരളക്കാരയാകെ ഏറ്റെടുക്കുകയായിരുന്നു.അംശിയുടെയും കൂട്ടരുടെയും യാത്ര കൊച്ചി നാട്ടുരാജ്യത്തെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു. തന്നെ വിയ്യൂർ ജയിലിലേക്ക് അയക്കാൻ ഉത്തരവിട്ട തൃശൂർ മജിസ്‌ട്രേട്ടിന്റെ കോടതിമുറിയിൽ നിമിഷ കവിത ഉണ്ടാക്കി പാടിയാണ്‌ അംശി പ്രതിഷേധം രേഖപ്പെടുത്തിയത്.

വിയ്യൂർ ജയിലിൽ എട്ടുമാസത്തെ തടവിന് വിധിക്കപ്പെട്ട് ആറുമാസത്തിനു ശേഷം ഗാന്ധി-ഇർവിൻ സന്ധി പ്രകാരമാണ് മോചിപ്പിക്കപ്പെട്ടത്.പിന്നീടും ബ്രട്ടീഷ് ഭരണത്തിനെതിരെ അംശിയുടെ തൂലികയിൽ നിന്നും വിപ്ലവ ഗാനങ്ങൾ പിറക്കുകയും അവയിൽ പലതും നിരോധനം നേരിടുകയുമുണ്ടായി.

തെറ്റായി പ്രചരിച്ച വരികൾ

ചിത്രം കടപ്പാട്: ദൂരദർശൻ

വരിക വരിക സഹജരെ എന്ന ഗാനത്തിന്റെ രണ്ടാമത്തെ വരി അംശി നാരായണപിള്ള എഴുതിയത് വലിയ സഹന സമരമായ് എന്നായിരുന്നു.എന്നാൽ പിന്നീട് മലയാളത്തിലെ സിനിമകളിലും സഹന സമര സമയമായ് എന്നായി മാറി.അടുത്തിടെ ഇറങ്ങിയ ലൂസിഫർ സിനിമയിലും ഈ വരികൾ പിശകോടെയാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വീഡിയോ കടപ്പാട്: ദൂരദർശൻ

ധീര ദേശാഭിമാനിക്കായി കാലം കാത്തുവച്ചത്

1941ൽ പാഠപുസ്തകത്തിന് തെരഞ്ഞെടുത്ത ഒരു ഗ്രന്ഥത്തിന് ലഭിച്ച 1000 രൂപ കൊണ്ട് സ്വന്തം നാടായ അംശിയിൽ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി അംശി നാരായണപിള്ള ഒരു സ്‌കൂൾ ആരംഭിക്കുകയുണ്ടായി.മരണം വരെ അദ്ദേഹം അംശി സ്കൂളിന്റെ മാനേജരായിരുന്നു.മലയാള പഠനം ഇല്ലെങ്കിലും ഇന്നും അംശി സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്.

അംശി സ്‌കൂൾ

നാടിനുവേണ്ടി ജീവിതം കൊടുത്ത ധീര ദേശാഭിമാനിക്ക് സ്വാതന്ത്ര്യാനന്തരം അവഗണനയാണ് നേരിടേണ്ടി വന്നത്‌.സ്വാതന്ത്ര്യ സമര സേനാനികൾക്ക് ലഭിക്കുമായിരുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ അംശിക്ക് ലഭിച്ചിരുന്നില്ല. അംശി ഗ്രാമം സ്വാതന്ത്ര്യാനന്തരം തമിഴ്നാട്ടിലാണെന്ന് കേരളവും, സ്വാതന്ത്ര്യ സമരത്തിൽ ഏർപ്പെട്ടത് കേരളത്തിലാണെന്ന വാദം ഉന്നയിച്ച് തമിഴ്നാടും അംശി നാരായണ പിള്ളയെന്ന ദേശാഭിമാനിക്ക് സ്വാതന്ത്ര്യ സമര പെൻഷൻ നിരോധിക്കുകയാണുണ്ടായത്.പിൽക്കാലത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ട അംശി നാരായണപിള്ള 1981 ഡിസംബർ 9ന് തന്റെ 85ആം വയസ്സിലാണ് മരണമടഞ്ഞത്.

ചിത്രം കടപ്പാട്: അംശി നാരായണ പിള്ള ഫേസ്ബുക്ക് പേജ്

അർഹമായ അംഗീകാരങ്ങൾ ലഭിക്കാതെ വിസ്മൃതിയിൽ ആഴ്ത്തപ്പെട്ട നിരവധി സ്വാതന്ത്ര്യ സമര പോരാളികളിൽ ഒരാളായി അംശി നാരായണപിള്ള മാറിയപ്പോഴും സമര പോരാട്ടങ്ങളിൽ ഏർപ്പെടുന്നവരുടെ നാവിൻതുമ്പിൽ ‘വരിക വരിക സഹജരെ....’ എന്ന ഗാനം ഊർജ്ജ വാഹിയായി  തുടരുകയാണ്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

The Voxj Highlights: Amsi Narayana Pillai's patriotic song 'Varika Varika Sahajare', Farmers protest in delhi, Indian freedom struggle