സ്‌കൂള്‍ ഒളിത്താവളമാക്കിയ പ്രതികളെ പൊലീസ് ഉറക്കമുണര്‍ത്തി പിടികൂടി

CRIME Jun 10, 2021

നെയ്യാറ്റിൻകര: ഓട്ടോഡ്രൈവറെ ആക്രമിച്ച  കേസിലെ പ്രതികളില്‍ ഒരാളെ തേടിയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരുമ്പഴുതൂർ ഗവ. സ്കൂൾ വളപ്പിലെത്തിയതായിരുന്നു നെയ്യാറ്റിൻകര പൊലീസ്.എന്നാല്‍ അവിടെ കാണുന്നതാകട്ടെ,  ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളിൽ പ്രതികൾ കഞ്ചാവ് ലഹരിയില്‍ ഉറങ്ങിക്കിടക്കുന്നതാണ്. സമീപം എത്തിയ പൊലീസ് ലാത്തികൊണ്ട് ബഞ്ചില്‍ തട്ടിയപ്പോള്‍ ഉറക്കത്തിലായിരുന്നവരിൽ ഒരാള്‍ ശബ്ദം കേട്ട് കണ്ണുതുറന്നുവെങ്കിലും മറ്റ് രണ്ടുപേരും ഇതൊന്നും അറിയാതെ ഉറക്കം തുടരുകയായിരുന്നു.തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങവേ ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും, പൊലീസ് പിന്തുടര്‍ന്ന് രണ്ടുപേരെ പിടികൂടി.ഒരാള്‍ ഓടി രക്ഷപ്പെട്ടു.

പെരുമ്പഴുതൂർ കീളിയോട് കുഴിവിള വീട്ടിൽ സുധി സുരേഷ് (20), പെരുമ്പഴുതൂർ അയണിയറത്തല കിഴക്കിൻകര വീട്ടിൽ ശോഭാലാൽ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ശോഭാലാലിനെ അറസ്റ്റ് ചെയ്തത്.നാട്ടില്‍ സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.അറസ്റ്റ് ചെയ്യുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 26ന് ഓട്ടോ ഡ്രൈവറായ കീളിയോട് വട്ടവിള പുത്തൻവീട്ടിൽ വിനോദിനെ, സുധി സുരേഷും കീളിയോട് കുഴിവിള വീട്ടിൽ അരുൺ ബാബുവും ചേർന്ന് ആക്രമിച്ചിരുന്നു. വിനോദിന്‍റെ ഓട്ടോറിക്ഷയിൽ ഇരുന്ന് ബീഡി വലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം.അരുൺബാബു ആയിരുന്നു ഒന്നാം പ്രതി. ഇയാളെ നേരത്തെ  അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. സുധി സുരേഷ് ഒളിവിൽ പോയി. ഇയാൾ ഒളിവിൽ കഴിയുന്നത് സ്കൂളിലാണെന്ന് അറിഞ്ഞാണ് പൊലീസ് അവിടെത്തിയത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.