പൂരനഗരിയില്‍ 18 പേർക്ക് കൊവിഡ്,പൂരം പ്രദർശനം നിർത്തി, വെടിക്കെട്ടിനും കാണികൾ പാടില്ല

പൂരനഗരിയില്‍ 18 പേർക്ക് കൊവിഡ്,പൂരം പ്രദർശനം നിർത്തി, വെടിക്കെട്ടിനും കാണികൾ പാടില്ല

തൃശ്ശൂർ പൂരപ്രദർശനനഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദർശനം പൂരം കഴിയുന്നത് വരെ നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ഇത്തവണ വെടിക്കെട്ട് കാണാനും പൊതുജനങ്ങൾക്ക് അനുമതി നൽകേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേർന്ന് തീരുമാനിച്ചിരിക്കുന്നത്. പൊതുജനത്തെ റൗണ്ടിൽ നിന്ന് പൂർണമായും ഒഴിവാക്കും. സാമ്പിൾ വെടിക്കെട്ട് കുഴിമിന്നൽ മാത്രം. വെടിക്കെട്ടിന്‍റെ സജ്ജീകരണങ്ങൾ പരിശോധിക്കാനായി പെസോ ഉദ്യോഗസ്ഥർ നാളെ തൃശ്ശൂരെത്തി പരിശോധന നടത്തും.

അതേസമയം, പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളിൽ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തും. കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക. എന്നാൽ തിരുവമ്പാടി നിരവധി ആനകളെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഒറ്റയാനപ്പുറത്ത് മാത്രമേ തിടമ്പ് എഴുന്നള്ളിക്കൂ. അതനുസരിച്ചേ വാദ്യഘോഷവും ഉണ്ടാകൂ. പകൽപ്പൂരം ചടങ്ങ് മാത്രമായിട്ടേ നടക്കൂ.

നഗരം ഇത്തവണ 23, 24 തീയതികളിൽ തൃശ്ശൂർ നഗരം പൊലീസ് ഏറ്റെടുക്കുമെന്ന് എസ്പി വ്യക്തമാക്കി. സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും, കടകളും പൂർണമായി അടയ്ക്കും. പാസ്സുള്ളവർക്ക് റൗണ്ടിലേക്കുള്ള എട്ട് വഴികളിലൂടെ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. രണ്ടായിരം പൊലീസുദ്യോഗസ്ഥരാണ് ക്രമസമാധാനച്ചുമതല നിർവഹിക്കാനായി ഡ്യൂട്ടിയിലുണ്ടാവുക. 23. 24 തീയതികളിൽ സ്വരാജ് റൗണ്ടിൽ ഗതാഗതം നിരോധിക്കും.

ഇത്തവണ തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുകയെന്ന് രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങൾക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേർ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ.

പൂരവിളംബരത്തിനും 50 പേരെ മാത്രമാണ് അനുവദിക്കൂക.ഈ വർഷം പൂരം ചമയപ്രദർശനം ഉണ്ടാവില്ല.സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ഇരുപത്തിനാലാം തീയതി പകൽപ്പൂരം വേണ്ടെന്ന് വയ്ക്കുകയും, കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കും ചെയ്യുമെന്നതില്‍ തീരുമാനമായിട്ടുണ്ട്.പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ.

പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക.അവിടേക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഘടകപൂരങ്ങളുടെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം.ഘടകപൂരങ്ങൾക്കൊപ്പം എത്തുന്ന 50 ആളുകള്‍ക്ക് കൊവിഡ് ആർടിപിസിആർ പരിശോധന നിർബന്ധമാണ്.അതേസമയം,
പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ/ രണ്ട് ഡോസ് വാക്സീനോ നിര്‍ബധമായും പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix