ഷീലാ രമണി : കേരളത്തിൽ ആദ്യമായി ഗ്ലൈഡർ പറത്തിയ പെൺകുട്ടി

FEATURE Jun 3, 2021
VOXJ GRAPHICS

1984ലെ റിപ്പബ്ലിക് ദിനത്തിലാണ് ഷീല രമണി എന്ന മലയാളി പെൺകുട്ടി ചരിത്രത്തിന്‍റെ ഭാഗമാകുന്നത്.അന്ന് ഡൽഹിയുടെ ആകാശത്ത് ഷീല തന്‍റെ ആകാശ മോഹങ്ങൾക്ക് ചിറക് നൽകിയപ്പോൾ കാഴ്ചക്കാരിയായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു.

ചിത്രം,വാര്‍ത്ത കടപ്പാട്: മാതൃഭൂമി ദിനപ്പത്രം

തിരുവനന്തപുരം തമ്പാനൂർ 'മോസ്‌ക് ലൈൻ' 'ശ്രുതിയിൽ' കെ പി ശ്രീധരൻ നായരുടെയും ലീലാഭായിയുടെയും മകളായാണ് ഷീലാ രാമണിയുടെ ജനനം. വഴുതക്കാട് ഗവണ്മെന്റ് വുമൺസ് കോളേജിലെ പഠനകാലത്താണ് ഷീലയുടെ ആകാശ മോഹങ്ങൾക്ക് ചിറക് മുളക്കുന്നത്.അക്കാലത്ത് കോളേജിലെ എൻസിസി പരിശീലനത്തിൽ നിന്നാണ് അത്തരമൊരു താൽപ്പര്യം ഉണ്ടാകുന്നത്.തുടർന്ന് തിരുവനന്തപുരം ഫ്‌ളൈറ്റ് ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ പാസായി.നൂറുപേർ പങ്കെടുത്ത കടുത്ത പരീക്ഷയിൽ നിന്നും ഷീലയടക്കം 11 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രാവിലെ 5.30 മുതൽ ആരംഭിക്കുന്ന ഫ്‌ളൈറ്റ് ക്ലബ്ബിലെ പരിശീലനത്തിന് ശേഷം വഴുതക്കാട്ടെ കോളേജിലേക്ക്.ദാവണിയും പാവാടയും മാത്രം കണ്ടുശീലിച്ച ചിലർ പരിശീലനത്തിനായി പാന്റ്‌സ് ധരിച്ചെത്തുന്ന ഷീലയെ കളിയാക്കുകയും ചെയ്തിരുന്നുവെങ്കിലും, അതൊന്നും ആ പെൺകുട്ടിയുടെ മോഹങ്ങൾക്ക് മുന്നിൽ വിലപ്പോയില്ല.ഫ്ളൈയിങ് ക്ലബ്ബിന്‍റെ ആ ബാച്ചിലെ ഏക പെൺകുട്ടിയും ഷീലയായിരുന്നു.

ഇതിനിടെ ഡിഗ്രി കോഴ്സിന്‍റെ രണ്ടാം വർഷത്തിൽ ഡൽഹിയിൽ നടന്ന ഗ്ലൈഡിങ് മത്സരത്തിൽ നിരവധി പുരുഷന്മാർക്കൊപ്പം ഒരേ ഒരു പെൺ സാന്നിധ്യമായി ഷീലയും പങ്കെടുത്തു.എൻജിനില്ലാത്ത ഗ്ലൈഡർ വിമാനം കാറ്റിന്‍റെ സഹായത്തോടെ അന്ന് സമുദ്ര നിരപ്പിൽ നിന്നും 600 മീറ്റർ വരെ ഉയരത്തിൽ ഗ്ലൈഡർ പറത്തിയ ഷീലക്ക് വിജയിയാകാൻ കഴിഞ്ഞില്ലെങ്കിലും കേരള എൻസിസിയുടെ ദേശീയ തലത്തിലെ റാങ്ക് 16ൽ നിന്നും മൂന്നിലേക്കെത്തിക്കാൻ ആ പ്രകടനം കാരണമായി.പിന്നീട് എൻസിസി ഓൾ ഇന്ത്യ സിഗ്നൽ കോംപെറ്റിഷനിൽ പങ്കെടുത്ത് ഗോൾഡ്‌ മെഡൽ കരസ്ഥമാക്കുകയും ചെയ്ത് കേരള എൻസിസിയുടെ അഭിമാനമായി.

ഫ്‌ളൈയിങ് ക്ലബ്ബിലെ മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷമാണ് ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രാധാന കടമ്പ.പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL) എന്ന ദേശീയ പരീക്ഷ പാസാകണം.ഇതിനായി സ്ഥലങ്ങൾ തിരിച്ചറിഞ്ഞു പറക്കേണ്ട ക്രോസ് എൻട്രി ഫ്ളൈയിങ്ങും, നിശ്ചിത സ്ഥലത്തേക്ക് ഒറ്റക്ക് പറന്ന് നിശ്ചിത സമയംകൊണ്ട് തിരിച്ചെത്തേണ്ട സോളോ ഫ്ളൈയിങ്ങും ഉൾപ്പടെ 60 മണിക്കൂർ ഗ്ലൈഡർ പറത്തണം.സോളോ ഫ്ളൈയിങ്ങിൽ തിരുവനന്തപുരം ഫ്ളൈയിങ് ക്ലബ്ബിൽ നിന്നും കൊച്ചി വരെ ഒറ്റക്ക് പറന്ന് അവിടെ നിന്നും ഇന്ധനം നിറച്ച് നിശ്ചിത സമയത്തിനുള്ളിൽ പുറപ്പെട്ട ഫ്ളൈയിങ് ക്ലബ്ബിൽ തന്നെ ഷീല തിരിച്ചെത്തി.പൈലറ്റാകാനുള്ള ഉയരവും ഉണ്ടായിരുന്നതോടെ ആ ബാച്ചിൽ നിന്നും ലൈസൻസ് നേടിയ നാലുപേരിൽ ഷീലാ രമണിയും ഒരാളായി മാറി.

ഷീല രമണി 

തന്‍റെ പതിനെട്ടാമത്തെ വയസ്സിൽ കേരളത്തിൽ ആദ്യമായി ചെറു വിമാനങ്ങൾ പറത്താനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ വനിതയെന്ന ബഹുമതി നേടിയതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിനത്തിൽ ഗ്ലൈഡർ പറത്താൻ ഷീലക്ക് അവസരമൊരുങ്ങിയത്.എൻ സി സി കേഡറ്റുകൾക്ക് ഡൽഹിയിൽ രണ്ട് മാസത്തെ പ്രത്യേക പരിശീലനത്തിൽ ഏർപ്പെട്ട ശേഷമാണ് റിപ്പബ്ലിക് ദിനത്തിൽ ഗ്ലൈഡർ പറത്തിയത്.

കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് നേടുകയെന്നത് ഭാരിച്ച സാമ്പത്തിക ചിലവായതിനാൽ ഷീല തന്‍റെ ആകാശ മോഹങ്ങൾ വഴി തിരിച്ചു വിട്ടു. ബി. എ. എം.എസ് കോഴ്സ് പാസായി ആയുർവേദ ഡോക്ടറായും,പിന്നീട് കാലിക്കറ്റ് സർവ്വകലാശാലയിൽ സെക്ഷൻ ഓഫീസറായി ജോലിയിൽ പ്രവേശിച്ച ഷീല  എൻ.എസ്.എസ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറായി കഴിഞ്ഞ ദിവസം  വിരമിച്ചു.

ഭർത്താവ് ഡോ.സാം എബനേസറും മകൾ ആദ്യക്കുമൊപ്പം ഷീല രമണി 

ഇക്കാലത്തിനിടെ ഷൂട്ടിങ് ചാമ്പ്യൻ,കരാട്ടെ ബ്ലാക്ക് ബെൽറ്റ് ജേതാവ്,യോഗ അധ്യാപിക,എൻ.സി.സി അണ്ടർ ഓഫീസർ തുടങ്ങിയ മേഖലകളിൽ ഷീലാ രമണി തന്‍റെ മികവ് തെളിയിച്ചു.ഡോ.സാം എബനേസറാണ് ഭർത്താവ്,മകൾ ആദ്യ.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.