വൈദ്യുതി നിരക്ക് ഏകീകരിക്കാന്‍ കേന്ദ്രം; വൈദ്യുതി വിലകുറയും

NATIONAL Jun 9, 2021

ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വന്‍സിക്കുശേഷം ഒരേ വൈദ്യുതിവിലയിലേക്കു മാറാന്‍ രാജ്യം ഒരുങ്ങുന്നു. രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി കേന്ദ്ര ഊര്‍ജമന്ത്രാലയം തയ്യാറാക്കി. ഇതില്‍ അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ നല്‍കി. മൊബൈല്‍ ഫോണ്‍ കോള്‍, ഡേറ്റാ നിരക്കുകള്‍ മത്സരാധിഷ്ഠിതമാക്കിയതിനു സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് 'നാഷണല്‍ ഗ്രിഡ്' ആയി കമ്മിഷന്‍ ചെയ്തത് 2013-ലാണ്. ഇതിനു സമാനമായാണ് ഒരേ വിലയിലേക്കുകൂടി രാജ്യത്തെ എത്തിക്കുന്നത്. നിലവില്‍ ഓരോ സംസ്ഥാനത്തും വൈദ്യുതിവില നിശ്ചയിക്കുന്നത് വൈദ്യുതി ഉത്പാദക കമ്പനികളില്‍നിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതത് സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കിയാണ്.

വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നുരൂപയാണ് നിലവിലെ വില. ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ആറുരൂപവരെ നല്‍കണം. കേരളത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ യൂണിറ്റിന് 6.05 രൂപയാണ് ചെലവ്. പുതിയ സംവിധാനം വരുമ്പോള്‍ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറവുവരുമെന്നാണ് പ്രതീക്ഷ.

രാജ്യം മുഴുവൻ ഒരേവില എന്ന ആശയം നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമേനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഇതുവരെ ഏർപ്പെട്ട ദീർഘകാല കരാറുകൾ റദ്ദാക്കേണ്ടിവരും.കരാറുകളിൽ പലതും 15-40 വർഷംവരെ കാലാവധിയുള്ളതാണ്. കേന്ദ്ര വൈദ്യുതി ഉത്പാദന നിലയങ്ങളുമായും സംസ്ഥാനങ്ങൾക്ക് കരാറുണ്ട്. ഇത്തരം കരാറുകളുടെ ദോഷം വിപണിയിൽ വൈദ്യുതിവില എത്ര കുറഞ്ഞാലും കരാറിൽ നിഷ്കർഷിച്ച വിലതന്നെ നൽകേണ്ടിവരുമെന്നതാണ്. ഇവ റദ്ദാക്കി പകരം പവർ എക്സ്‌ചേഞ്ചുകളിൽനിന്ന് ഓരോ ദിവസത്തെ ആവശ്യമനുസരിച്ച് വൈദ്യുതി വാങ്ങണം. ഓരോ സംസ്ഥാനവും അവർക്ക് കുറവുവരുന്ന വൈദ്യുതി ഇപ്പോൾത്തന്നെ പവർ എക്സ്‌ചേഞ്ചുകളിൽനിന്നു വാങ്ങുന്നുണ്ട്.

ഒരേ വില പദ്ധതി നടപ്പാകുമ്പോൾ വൈദ്യുതി ഉത്‌പാദക കമ്പനികൾ സംസ്ഥാനങ്ങളുമായുള്ള കരാർ അവസാനിപ്പിച്ച് പവർ എക്സ്‌ചേഞ്ചുകളിലൂടെ മാത്രം വിൽക്കാൻ നിർബന്ധിതരാകും. ഓഹരിക്കമ്പോളത്തിനു സമാനമായി പവർ എക്സ്‌ചേഞ്ചുകൾ മാറും. രാജ്യത്തെ ലഭ്യമായ വൈദ്യുതിമുഴുവൻ പവർ എക്സ്‌ചേഞ്ചിൽ രേഖപ്പെടുത്തും. ഓരോ സംസ്ഥാനത്തിനും ആവശ്യമുള്ള വൈദ്യുതി ഒരു ദിവസംമുമ്പ്‌ ഷെഡ്യൂൾ ചെയ്ത് വാങ്ങാം. പരമാവധി വില കേന്ദ്രം നിശ്ചയിക്കും. യൂണിറ്റിന് ഏറ്റവും കുറവ് ഏതു കമ്പനിയാണോ രേഖപ്പെടുത്തുന്നത് ആവശ്യക്കാർക്ക് അവിടേക്കു മാറാം. ഇതോടെ ബാക്കി കമ്പനികൾക്കും വില താഴ്‌ത്തേണ്ടിവരും. സംസ്ഥാനങ്ങളിലെല്ലാം ആഭ്യന്തരവൈദ്യുതി ഉത്‌പാദനമുള്ളതിനാൽ പരിധിയിൽ കൂടുതൽ വിലകൂട്ടാനുമാവില്ല.

പദ്ധതി നടപ്പാക്കാൻ കരാറുകൾ പുനരവലോകനം ചെയ്യാൻ കേന്ദ്രംതന്നെ തുടക്കമിടും. ആദ്യഘട്ടത്തിൽ 2022 ഏപ്രിൽ മുതൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി.) ഉത്‌പാദന നിലയങ്ങളിൽനിന്നു വൈദ്യുതി വാങ്ങാനുള്ള സംസ്ഥാനങ്ങളുടെ കരാറുകൾ പുനഃപരിശോധിക്കും. ഈ നിലയങ്ങളിലെ വൈദ്യുതിയും പവർ എക്സ്‌ചേഞ്ച് മുഖേനയായിരിക്കും വിൽക്കുക.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.