രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ അനുഭവക്കുറിപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

NATIONAL SECURITY Jun 2, 2021

ന്യൂഡല്‍ഹി: രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നോ സുരക്ഷാ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ച ഉദ്യോഗസ്ഥരുടെ അനുഭവക്കുറിപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പ് പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് മുന്‍കൂറായി അനുമതി നേടിയിരിക്കണമെന്ന നിര്‍ബന്ധിത വ്യവസ്ഥയോടെ പെന്‍ഷന്‍ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഭേദഗതി വരുത്തി.

പുതുക്കിയ ചട്ടമനുസരിച്ച് രാജ്യത്തിന്റെ സുരക്ഷാ/രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള വിവരമോ മറ്റു സംഗതികളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കാര്യക്ഷമവും സൂക്ഷ്മവുമായ പരിശോധനയ്ക്ക് വിധേയമാക്കുകയും യോഗ്യമായ കേന്ദ്രത്തില്‍ നിന്ന് അനുമതി നേടുകയും വേണം. പ്രസ്തുത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തന്റെ അറിവില്‍ പെടുന്ന കാര്യങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സേവനകാലത്തോ വിരമിച്ച ശേഷമോ ഒരു തരത്തിലും പ്രസിദ്ധപ്പെടുത്തില്ലെന്ന സത്യവാങ് മൂലം ഉദ്യോഗസ്ഥര്‍ നല്‍കണമെന്നാണ് 1972 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (പെന്‍ഷന്‍)ചട്ടത്തിന്റെ റൂള്‍ 8 വ്യവസ്ഥ ചെയ്യുന്നത്.

വ്യവസ്ഥയില്‍ പിഴവ് വരുത്തുന്ന വിരമിച്ച ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ മൊത്തമായോ ഭാഗികമായോ തടഞ്ഞുവെക്കാനും പിന്‍വലിക്കാനും പുതുക്കിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. വ്യവസ്ഥ ലംഘിക്കുന്ന പക്ഷം അതിന്റെ പൂര്‍ണ ഉത്തരവാദിത്വവും ബാധ്യതയും ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമായിരിക്കും. പെരുമാറ്റചട്ടം, പെന്‍ഷന്‍ ചട്ടം, ഔദ്യോഗികരഹസ്യങ്ങളോ രാജ്യസുരക്ഷയുമായോ ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമങ്ങള്‍, ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (റെസ്ട്രിക്ഷന്‍ ഓഫ് റൈറ്റ്‌സ്) ആക്ട്(1985) എന്നിവ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന് നടപടി സ്വീകരിക്കാനുമാവും.

രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും സുരക്ഷാ വിഭാഗത്തിലും സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പുസ്തക രൂപത്തിലും മറ്റും പ്രസിദ്ധീകരിച്ചത് മുന്‍നിര്‍ത്തിയാണ് ചട്ടങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദസര്‍ക്കാര്‍ തീരുമാനിച്ചത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.