ലോക്ഡൗൺ കാലത്ത് വൈദ്യുതി ഗ്രിഡിലേക്കു നൽകിയതിന് കെ.എസ്.ഇ.ബി.ക്ക് 6.3 കോടിയുടെ ബില്ല് നൽകി സ്വകാര്യ വൈദ്യുതി നിലയം.

electricity May 24, 2021

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് തങ്ങൾക്കു വേണ്ടാത്ത വൈദ്യുതി ഗ്രിഡിലേക്കു നൽകിയതിന് കെ.എസ്.ഇ.ബി.ക്ക് 6.3 കോടിയുടെ ബില്ല് നൽകി സ്വകാര്യ വൈദ്യുതി നിലയം. ആവശ്യപ്പെടാതെ നൽകിയ വൈദ്യുതിക്ക് പണം കൊടുക്കാനാവില്ലെന്ന് ബോർഡും. തർക്കം റെഗുലേറ്ററി കമ്മിഷനു മുന്നിലാണ്. കമ്മിഷന്‍റെ വിധി എതിരായാൽ വൻ സാമ്പത്തിക ബാധ്യതയാണ് ബോർഡിനെ കാത്തിരിക്കുന്നത്.

കോയമ്പത്തൂർ ആസ്ഥാനമായ ഇൻഡ്‌സിൽ ഹൈഡ്രോപവർ ആൻഡ് മാംഗനീസ് ലിമിറ്റഡാണ് ബോർഡിന് 6.3 കോടിയുടെ ബിൽ നൽകിയത്. ഇടുക്കി ജില്ലയിലെ കൂത്തുങ്കലിലാണ് 1990-ൽ സർക്കാർ ഇവർക്ക് സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ ജലവൈദ്യുത പദ്ധതി അനുവദിച്ചത്.നിലയത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്കു നൽകും. പകരം ബോർഡ് ഫാക്ടറിക്ക് വൈദ്യുതി നൽകും. ഉത്പാദിപ്പിക്കുന്നതിൽ ഫാക്ടറിയിലെ ഉപയോഗത്തിനുശേഷം ബാക്കിവന്നാൽ ആ വൈദ്യുതി ബോർഡിനെ അറിയിച്ച് ബോർഡിനു വിൽക്കാമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ബോർഡിന് ആവശ്യമുണ്ടെങ്കിൽ പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ ബോർഡ് അത് സ്വീകരിക്കും.

ലോക്ഡൗൺ കാരണം 2020 മാർച്ചിൽ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചു. എന്നിട്ടും നിലയത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു. മാർച്ചുമുതൽ ജൂൺവരെ നാലുമാസം 11.63 കോടി യൂണിറ്റ് ഉത്പാദിപ്പിച്ച് ബോർഡിനു നൽകിയെന്നും അതിന് എക്‌സ്ട്രാ ഹൈടെൻഷൻ നിരക്കായ യൂണിറ്റിന് 5.5 രൂപപ്രകാരം 6.4 കോടി നൽകണമെന്നുമാണ് കമ്പനിയുടെ ആവശ്യം.എന്നാൽ, സ്വകാര്യനിലയം കരാർ ലംഘിച്ചെന്ന് റെഗുലേറ്ററി കമ്മിഷനു നൽകിയ വിയോജനക്കുറിപ്പിൽ ബോർഡ് പറയുന്നു. ലോക്ഡൗൺ കാലത്ത് ഉപയോഗം കുറഞ്ഞതിനാൽ ബോർഡിന്റെ സ്വന്തം നിലയങ്ങളിൽപ്പോലും ഉത്പാദനം കുറച്ചു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതും പരിമിതപ്പെടുത്തി. അക്കാലത്ത് പവർ എക്സ്‌ചേഞ്ചിൽ (നിത്യേനയുള്ള വൈദ്യുതി വിപണി) യൂണിറ്റിന് 1.50 രൂപയിൽ താഴെയായിരുന്നു വില. മാത്രമല്ല, വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കമ്പനി ബോർഡിനെ അറിയിച്ചിരുന്നില്ല.

ബോർഡിന് വൈദ്യുതിയുടെ ആവശ്യവുമുണ്ടായിരുന്നില്ല. ഈ നിലയത്തിൽനിന്ന് വൈദ്യുതി വാങ്ങാൻ അനുമതിക്ക് റെഗുലേറ്ററി കമ്മിഷനെ സമീപിക്കുകയോ കമ്മിഷൻ അത് അനുവദിക്കുകയോ ചെയ്തിട്ടില്ല, അതിനാൽ ഈ പണം നൽകാനാവില്ലെന്നും ബോർഡ് കമ്മിഷനെ അറിയിച്ചു. തർക്കത്തിൽ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തിനു കാക്കുകയാണ് ബോർഡ്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.