ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (104) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് വിടവാങ്ങിയത്.

1918 ഏപ്രിൽ 27ന് മാർത്തോമ്മാ സഭയുടെ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയും ശോശാമ്മയുടെയും  മകനായി ജനനം.ധര്‍മിഷ്ഠന്‍എന്നായിരുന്നു ആദ്യത്തെ വിളിപ്പേര്.മാരാമൺ പള്ളി വക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം,മാരാമൺ മിഡിൽ സ്കൂൾ, കോഴഞ്ചേരി ഹൈസ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആലുവ യുസി കോളജിൽ  ബിരുദ പഠനം. 1940ൽ അങ്കോല ആശ്രമത്തിലെ അംഗമായി. ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ പഠനത്തിനുശേഷം 1944  ജൂൺ 3ന് വൈദികനായി. 1953 മേയ്  23ന് എപ്പിസ്കോപ്പയായി അഭിഷിക്തനായി.വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്ത,  കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു അഖിലലോക സഭാ കൗൺസിലുകളില്‍ മാര്‍ത്തോമ്മാസഭയുടെ പ്രതിനിധിയും 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ  കൗണ്‍സിലില്‍നിരീക്ഷകനുമായിരുന്നു. 1978 മേയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി.

മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നിരവധി സവിശഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാളാണ് കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്,ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപായിരുന്ന അപൂർവ നേട്ടത്തിന് ഉടമ, മലങ്കര മാര്‍ത്തോമ്മാസഭയുടെ ആത്മീയാചാര്യന്‍ തുടങ്ങി വിശേഷണങ്ങള്‍ മാര്‍ ക്രിസോസ്റ്റത്തിന് നിരവധിയാണ്. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതിലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം  കൺവൻഷനുകളിൽ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായിരുന്നു. 1954 മുതൽ 2018വരെ തുടർച്ചയായി 65 മരാമണ്‍ കൺവൻഷനുകളിൽ പ്രസംഗകനായി. 8 മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു.2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിയിൽ താമസിച്ചു വരികയായിരുന്നു.

Breaking News 50
WhatsApp Group Invite
വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാം മുകളില്‍ ക്ലിക്ക് ചെയ്യുക