നെതന്യാഹു പടിയിറങ്ങുന്നു: തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് ഇസ്രയേല്‍ പ്രധാനമന്ത്രിയായേക്കും

INTERNATIONAL Jun 3, 2021

ജറുസലേം: പന്ത്രണ്ട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു യുഗം അവസാനിച്ചു.പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്ത സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യം അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും.ഇത് പ്രകാരം തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ് പുതിയ  പ്രധാനമന്ത്രിയാകുന്നതിനും തീരുമാനമായി.യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെയാണ് പ്രതിപക്ഷം ഭൂരിപക്ഷമുറപ്പിച്ചത്.മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ ലഭിച്ചതായി പ്രതിപക്ഷ നേതാവ് യേർ ലാപിഡ് പ്രസിഡന്റായ റൂവൻ റിവ്‌ലിനെ സഖ്യം അറിയിച്ചു.ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ നഫ്താലി ബെന്നറ്റും പിന്നീട് രണ്ട് വര്‍ഷം യേഷ്‌ അതിദ് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ യേര്‍ ലാപിഡ് പ്രധാനമന്ത്രിയാകുമെന്നതാണ് സഖ്യ ധാരണ.തികഞ്ഞ മതേതരവാദിയാണ് യേര്‍ ലാപിഡ് എന്നിരിക്കെ നെഫ്താലി ബെന്നറ്റ് കടുത്ത പലസ്തീന്‍ വിരുദ്ധനാണ്.

യേര്‍ ലാപിഡ്‌ 

120 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 61 അംഗങ്ങളാണ്.ഏറ്റവും വലിയ ഒറ്റകക്ഷിയായ നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിക്ക് 52 സീറ്റാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57ഉം.ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീളുകയായിരുന്നു.

നെഫ്താലി ബെന്നെറ്റ് 

അതേസമയം അവസാന നിമിഷം ഏതെങ്കിലും പാർട്ടികളെ കൂടെക്കൂട്ടി, പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ, ഒരു അട്ടിമറി ശ്രമം നടത്താനും മടിക്കില്ല നെതന്യാഹു. അഴിമതി, വഞ്ചനാക്കുറ്റങ്ങൾ തുടങ്ങിയവ നേരിട്ടുകൊണ്ടിരിക്കുന്ന ബെന്യമിൻ നെതന്യാഹുവിന്, നിയമവഴികളിൽ നിന്ന് രക്ഷപെടണമെങ്കിൽ പ്രധാനമന്ത്രിപദം കൂടിയേ തീരു എന്നിരിക്കെയാണ് ഈ സാധ്യതകൾ വിലയിരുത്തപ്പെടുന്നത്.

നെതന്യാഹു വിരുദ്ധ മുന്നണിയിലെ അറബ് സാന്നിധ്യം

ഇസ്രായേലില്‍ നെതന്യാഹുവിനെ താഴെയിറക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ രൂപീകരിച്ച സഖ്യത്തില്‍ ഒരു അറബ് ഇസ്‌ലാമിക് പാര്‍ട്ടിയും ഭാഗമാകുന്നു എന്നത് ഇസ്രയേല്‍   ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്.മന്‍സൂര്‍ അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയാണ് പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡിന്‍റെ ഭരണ മുന്നണിയുടെ ഭാഗമായത്.

ഇസ്രയേലില്‍ 20 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മന്‍സൂര്‍ അബ്ബാസിന്‍റെ പാര്‍ട്ടിയ്ക്ക് നാലു സീറ്റുകളാണ് പാര്‍ലമെന്റിലുള്ളത്.അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.അവസരവാദിയാണ് മന്‍സൂര്‍ അബ്ബാസെന്നും സ്വന്തം താല്‍പ്പര്യം നോക്കി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും ഗാസയിലെ ഫലസ്തീന്‍ പൗരന്‍മാരും ഈ തീരുമാനത്തെ രൂക്ഷമായി തന്നെ വിമര്‍ശിക്കുന്നു.

എന്നാല്‍  നെതന്യാഹുവിനെ അധികാരഭൃഷ്ടനാക്കാനാണ് താന്‍ ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നന്നാണ് മന്‍സൂര്‍ അബ്ബാസിന്‍റെ വാദം.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.