പിപിഇ കിറ്റ് ധരിച്ച് വധുവെത്തി; കോവിഡ് വാര്‍ഡില്‍ ശരത്തിന്‍റെയും അഭിരാമിയുടേയും വിവാഹം

പിപിഇ കിറ്റ് ധരിച്ച് വധുവെത്തി; കോവിഡ് വാര്‍ഡില്‍ ശരത്തിന്‍റെയും അഭിരാമിയുടേയും വിവാഹം

ആലപ്പുഴ : ഏറെ വ്യത്യസ്തമായ ഒരു വിവാഹത്തിനാണ് ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചത്.കതിർമണ്ഡപമൊരുക്കിയതാവട്ടെ ആശുപത്രിയിലെ കോവിഡ് വാർഡ് ഐസൊലേഷൻ വാർഡിലും.  കൈനകരി സ്വദേശി ശരത്ത് മോഹനാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശരത്തിൻ്റെയും തെക്കൻ ആര്യാട് സ്വദേശിനി അഭിരാമിയുടെയും വിവാഹമാണ് ഇന്ന് ഉച്ചയോടെ നടന്നത്.

സൗദിയിൽ ജോലി ചെയ്യുന്ന ശരത്തിന് വിവാഹ ചടങ്ങുകൾക്ക് വേണ്ടി 17 ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയവേ ദിവസങ്ങൾ മുൻപാണ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരത്തുമായി സമ്പർക്കത്തിലേർപ്പെട്ട അമ്മ ജിജിയും രോഗബാധിതനായതിനെ ഇതേ വാർഡിൽ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നിശ്ചയിച്ച ദിനത്തിൽ നിന്ന് വിവാഹം മാറ്റിവെക്കണമെന്ന ആശങ്കയോടെ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന വരന്മാരുടെ ആഗ്രഹത്തിന് ജില്ലാ ഭരണകൂടം അനുമതി നൽകിയതോടെയാണ് ഇരുവരുടെയും സ്വപ്നം സാക്ഷാത്കരിച്ചത്.

12 നും 12.15 നുമുള്ളശുഭമുഹൂർത്തത്തിലായിരുന്നു വിവാഹം.12മണിയോടെ വധുവും ബന്ധുക്കളും ആശുപത്രിയിലെത്തി.തുടർന്ന് ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വധുവും ഒരു ബന്ധുവും പി പി ഇ കിറ്റ് ധരിച്ച് അകത്തേക്ക്.കോവിഡ് വാർഡിലെ ജീവനക്കാർ ഒരുക്കിയ സ്ഥലത്ത് വധൂവരന്മാരെത്തി.അമ്മ ജിജിയാണ് വരന് വരണമാല്യവും താലിയും എടുത്ത് നൽകിയത്.ചടങ്ങിന് അമ്മയും വധുവിൻ്റെ ബന്ധുവും ആശുപത്രി ജീവനക്കാരും സാക്ഷികൾ.മുഹൂർത്തമായതോടെ പരസ്പരം വരണമാല്യം ചാർത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.കുറഞ്ഞ സമയത്തിനുള്ളിൽ ചടങ്ങ് പൂർത്തിയാക്കി വധുവും ബന്ധുവും പുറത്തേക്ക്.

ബന്ധുക്കളുടെ അസാന്നിധ്യമെന്ന സങ്കടമുണ്ടെങ്കിലും ചടങ്ങുകൾ ഈ രീതിയിൽ നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പിന്നെ സാഹചര്യം മനസ്സിലാക്കി ഇത് ഉൾക്കൊന്നതായും വിവാഹത്തിന് അനുമതി നൽകിയവരോട് നന്ദിയുണ്ടെന്നും വധു അഭിരാമി പറഞ്ഞു.ചടങ്ങ് പൂർത്തിയാക്കി വധു സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇനി കോവിഡിനെ അതിജീവിച്ച ഉള്ള ശരത്തിൻ്റെ  വരവിനായുള്ള കാത്തിരിപ്പ്. മഹാമാരി ദുരിതവും ആശങ്കയും വിതയ്ക്കുന്ന കെട്ടകാലത്ത് കരുത്തുള്ള അതിജീവന അനുഭവങ്ങൾക്കാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സാക്ഷിയായത്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix