നാടിന്‍റെ സന്ദേശവാഹകനായി തപാൽ വകുപ്പിനെ ഹൃദയത്തിലേറ്റിയ എം.ജി സുരേഷ് പടിയിറങ്ങുന്നു

നാടിന്‍റെ സന്ദേശവാഹകനായി തപാൽ വകുപ്പിനെ ഹൃദയത്തിലേറ്റിയ എം.ജി സുരേഷ് പടിയിറങ്ങുന്നു

കഴിഞ്ഞ ഇരുപത്തിയെട്ട് വർഷമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ പോസ്റ്റ്‌ ഓഫീസുകളില്‍ നാട്ടുകാരുടെ പ്രിയപ്പെട്ട സന്ദേശവാഹകനായും  തപാൽ വകുപ്പിനെ സേവിച്ചുമാണ് എം .ജി സുരേഷ് തന്‍റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം നടത്തിവന്നത്.നീണ്ട ഇരുപത്തിയെട്ട് വർഷത്തെ സേവനത്തിന് ശേഷം സുരേഷ് നാളെ തപാൽ ആപ്പീസിൻ്റെ പടിയിറങ്ങുകയാണ്.

1993 ൽ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് കനകമല പോസ്റ്റ് ഓഫീസിൽ എക്സ്ട്രാ ഡിപ്പാർട്ട്മെന്റിൽ സുരേഷ് ജോലിയിൽ പ്രവേശിച്ചത്. ഒമ്പതര വർഷത്തിനു ശേഷം പ്രമോഷനായി കൊടുങ്ങല്ലൂരിലേക്ക്.തുടർന്ന് നീണ്ട 17 വർഷമായി കൊടകരയിലെ ജനങ്ങള്‍ക്കിടയില്‍ സൗമ്യസാന്നിദ്ധ്യമായി സുരേഷ് തുടർന്നു.

തപാൽ വകുപ്പിലെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ്
ഗോദ്റെജി കമ്പനിയില്‍ റെപ്രസന്ററ്റീവ് ആയും ജോലിനോക്കിയിരുന്നു.പിന്നീട് ബാംഗ്ളൂരിൽ ഫുഡ് സർവ്വീസ് മാനേജ്മെൻറ് കോഴ്സിന് പഠിക്കുകയും, അവിടെ താജ് ഹോട്ടലിലും,  എറണാകുളത്ത് അബാദ് പ്ലാസയിലും ജോലി ചെയ്തിരുന്നു.ഇതിനിടെ   യൂണിയൻ ഉണ്ടാക്കിയെന്ന കാരണത്താൽ 90 ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.കൂടെ 32 പേരേയും.പിന്നെ സമരങ്ങളുടെ തീഷ്ണകാലം. ജീവിതം കൂട്ടിമുട്ടിക്കാൻ തൃശൂർ കാസിനോയിലെ ജോലിയും അബാദ് പ്ലാസക്കു മുന്നിലെ സമരവും ഒരുമിച്ച് കൊണ്ടുപോയി.

ഇതിനിടയിലാണ് കനകമല പോസ്റ്റ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത് . അപ്പോഴും ഒരു ഹോട്ടലിലെ പാർട് ടൈം ജോലിയും സുരേഷ് നിർവ്വഹിച്ചിരുന്നു.ഒട്ടേറെ അനുഭവങ്ങളാണ് തപാൽ രംഗത്ത് സുരേഷിനുള്ളത്. സർക്കാർ സർവ്വീസിൽ ജോലി ലഭിച്ച ഉത്തരവുകൾ കൊടകരയിലെ പലർക്കും കൊണ്ടുപോയി കൊടുത്തതിൻ്റെ റിക്കാർഡ് സുരേഷിന് മാത്രം സ്വന്തം. ഏതൊരു സർക്കാർ ഓഫീസിൽ കയറി ചെന്നാലും സുരേഷിൻ്റെയടുത്തേക്ക് അന്ന് ഉത്തരവ് കൈപറ്റിയ ഒരാളെങ്കിലും ഓടി വരും ആ നന്ദി പ്രകടിപ്പിക്കാൻ.

കത്തുകൾ കൊണ്ടുപോയി കൊടുക്കുമ്പോൾ സ്ഥാപനങ്ങളിലും കടകളിലും ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് അവിടങ്ങളിൽ കുറെ പേർക്ക് ജോലി തരപ്പെടുത്തി കൊടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ തപാൽ ഉദ്യോഗസ്ഥന്‍ മുന്നിൽ തന്നെ.സ്നേഹ കത്തുകളും ,മണിയോർഡറുകളും മുടങ്ങാതെ വീടുകളിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ എത്തിച്ചിരുന്ന സുരേഷിനെ വലയം ചെയ്ത് ഒരു പാട് ആത്മാർത്ഥ ബന്ധങ്ങളുണ്ട്.

ഒട്ടേറെ വിശിഷ്ട വ്യക്തികൾസുരേഷിന്റെ പരിചിത വലയത്തിലുണ്ട്. ഗസൽ ചക്രവർത്തി ഉംബായിയുമായി ആത്മാർത്ഥ ബന്ധമുണ്ടായിരുന്നു.അബാദ് പ്ലാസയിൽ വെച്ച് തുടങ്ങിയതാണ് ചങ്ങാത്തം. കാവിൽ ,കൊടകര ടൗൺ ,അഴകം, വല്ലപ്പാടി, മരത്തോംപ്പിളളി എന്നിവിടങ്ങളായിരുന്നു സുരേഷിന്റെ സേവന മേഖല. കനത്ത ചൂടിനെ നേരിട്ട് ക്ഷീണം തട്ടാതെ ജോലി ചെയ്യുന്ന തന്റെ വിജയസൂത്രം കഞ്ഞിവെള്ളമാണെന്ന് ചെറുചിരിയോടെ സുരേഷ് പറയും. ദിവസവും 3 ലിറ്റർ കഞ്ഞിവെള്ളമാണ് വീട്ടിൽ നിന്ന് കൊണ്ടുവന്ന് ജോലിക്കിടയിൽ കഴിക്കുക.

കൊടകര ഗ്രാമപഞ്ചായത്ത് 2019 ൽ മികച്ച പോസ്റ്റ് മാനായി സുരേഷിനെ ആദരിച്ചിട്ടുണ്ട്: ലയൺസ് ക്ലബ്ബിൻ്റേയും ,വ്യാപാരി വ്യവസായി സംഘടനകളുടേയും ആദരവ് സുരേഷിനെ തേടിയെത്തിയിട്ടുണ്ട്.

പണ്ട് തോൾസഞ്ചി നിറയെ വിശേഷങ്ങളുമായി പടി കടന്നു വരുന്ന പോസ്റ്റ്മാനെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുമായിരുന്ന മുന്‍കാലങ്ങളില്‍ നിന്നും വ്യതസ്തമായി കത്തുകളില്ലാത്ത ഈ ഡിജിറ്റല്‍ കാലത്ത് പോസ്റ്റ്മാനെ കാണുമ്പോൾ ജനങ്ങൾക്കത്ര മതിപ്പില്ലെന്ന് സുരേഷ് പരിഭവം പങ്കുവയ്ക്കുന്നു.

സേവന കാലയളവിൽ തന്നെ ചേർത്തു പിടിച്ച കുറെ പേർക്ക് തപാൽ കാർഡിൽ നന്ദി വാക്കുകളെഴുതി അയച്ചു കൊണ്ട് വേറിട്ട വിട പറയൽ മാതൃക സൃഷ്ടിച്ചിട്ടാണ് സുരേഷ് തപാൽ സഞ്ചി തിരിച്ചേൽപ്പിക്കുന്നത്.

ഗീതയാണ് സുരേഷിന്റെ ഭാര്യ. എക മകൻ നിർമ്മൽ കല്ലേറ്റുങ്കര പോസ്റ്റ് ഓഫീസിൽ പോസ്റ്റ് അസിസ്റ്റൻ്റ് ആയി ജോലി ചെയ്യുന്നു.നിർമ്മലിൻ്റെ ഭാര്യ നീനു ചാലക്കുടിയിൽ ആയുർവേദ ഡോക്ടറാണ് .പേരക്കുട്ടി ധ്രുവ്.

[വാര്‍ത്ത,ചിത്രം കടപ്പാട്: http://nammudekodakara.com/]

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix