ഓപ്പറേഷന്‍ 'പി ഹണ്ട്'; സംസ്ഥാനത്ത് പോലീസിന്‍റെ മിന്നല്‍ പരിശോധന, നിരവധി പേര്‍ പിടിയില്‍

CRIME Jun 7, 2021

ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരേയും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍ക്കെതിരേയുമുള്ള ഓപ്പറേഷന്‍ പി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി പോലീസ് മിന്നല്‍ പരിശോധന. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റര്‍ ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ തിരിച്ചറിഞ്ഞ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ 25-ഓളം പേര്‍ക്കെതിരേ കേസെടുത്തു. ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

പയ്യന്നൂര്‍, പരിയാരം, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നിലേറെ കേസുകളെത്തിട്ടുണ്ട്. തളിപ്പറമ്പ്, ധര്‍മടം, പാനൂര്‍, കൊളവല്ലൂര്‍, വളപട്ടണം, കുടിയാന്‍മല, പിണറായി, ചക്കരക്കല്ല്, മയ്യില്‍, എടക്കാട്, പേരാവൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ ഓരോ കേസ് വീതെമെടുത്തു. 25,000 രൂപയോളം വിലവരുന്ന ഫോണുകള്‍ പിടിച്ചെടുത്തവയില്‍ പെടുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന സാമഗ്രികള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന കുറ്റകൃത്യ നിയമം 102-ാം വകുപ്പ് പ്രകാരമാണ് ഫോണുകള്‍ പിടിച്ചത്. ഇവ കോടതിയില്‍ ഹാജരാക്കി വിശദപരിശോധനയ്ക്കുശേഷം കുറ്റകൃത്യവുമായി ബന്ധമില്ലെന്ന കണ്ടാലേ ഉടമസ്ഥന് തിരികെ നല്‍കൂ.

മലപ്പുറം ജില്ലയില്‍ കുട്ടികളുടെ അശ്ലീലവീഡിയോ ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം സ്വദേശി തൊണ്ടിക്കോടന്‍ മുഹമ്മദ് ഫവാസ് (22) ആണ് അറസ്റ്റിലായത്.

രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൊബൈലില്‍നിന്ന് കുട്ടികളുടെ അശ്ലീലവീഡിയോ കണ്ടെത്തിയത്. മറ്റൊരു യുവാവിന്‍റെ മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈലില്‍നിന്ന് വീഡിയോ കണ്ടെത്താന്‍ കഴിയാത്തിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മൊബൈല്‍ഫോണ്‍ ഫോറന്‍സിക് വിഭാഗത്തിനു കൈമാറി.

ഓപ്പറേഷന്‍ പി. ഹണ്ടിന്‍റെ ഭാഗമായി ബംഗാള്‍ സ്വദേശിയായ ഒരാളെയും നിലമ്പൂരില്‍ പിടികൂടി. വെസ്റ്റ് ബംഗാള്‍ നാദിയ ജില്ലയിലെ എസ്.കെ. രാഹുലിനെയാണ് നിലമ്പൂര്‍ സി.ഐ. എം.എസ്. ഫൈസല്‍ അറസ്റ്റുചെയ്തത്.ഇന്റര്‍നെറ്റ് വഴി കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. താമരശ്ശേരിയില്‍ നിര്‍മാണത്തൊഴില്‍ നടത്തിവന്നിരുന്ന ഇയാള്‍ 10 ദിവസം മുന്‍പാണ് നിലമ്പൂരിലെ മുക്കട്ടയില്‍ താമസമാക്കിയത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കിയത്.

തൃശ്ശൂര്‍ ജില്ലയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും സാമൂഹികമാധ്യമങ്ങളിലൂടെ കണ്ടതിനും ഡൗണ്‍ലോഡ് ചെയ്തതിനും ചാവക്കാട് മേഖലയിലെ മൂന്ന് വീടുകളില്‍ പോലീസിന്‍റെ മിന്നല്‍പരിശോധന. ഓപ്പറേഷന്‍ പി. ഹണ്ടിന്‍റെ ഭാഗമായി കടപ്പുറം അഞ്ചങ്ങാടി, പുത്തന്‍കടപ്പുറം, ഇരട്ടപ്പുഴ മേഖലകളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൂന്ന് ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു ചാവക്കാട് പോലീസ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു. ചാവക്കാട് എസ്.എച്ച്.ഒ. കെ.പി. ജയപ്രസാദ്, എസ്.ഐ. രാജേഷ്, വനിതാ സി.പി.ഒ.മാരായ ഗീത, ഷൗജത്ത്, സുശീല, സൗദാമിനി, സി.പി.ഒ.മാരായ ശരത്ത്, ആഷിഷ്, ഷൈജു, ചാവക്കാട് സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ സജീഷ്, ശരത്ത്, വിനു കുര്യാക്കോസ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ട കൊരട്ടി സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ പോലീസ് പരിശോധനനടത്തി.ഇവിടെ നിന്നും പിടിച്ചെടുത്ത രണ്ട് ഫോണുകള്‍ വിശദപരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. വിദ്യാര്‍ഥിയായ യുവാവ് മൊബൈല്‍ഫോണ്‍ വഴി അശ്ലീല വെബ്‌സൈറ്റില്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും പരിശോധനയില്‍ കണ്ടെത്തി.ഇത്തരം ദൃശ്യങ്ങള്‍ പതിവായി കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്. ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 25 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പ്രത്യേകസംഘത്തോടൊപ്പം കൊരട്ടിയിലെ എസ്.ഐ.മാരായ എസ്.കെ. പ്രിയന്‍, സി.കെ. സുരേഷ് എന്നിവരുമുണ്ടായിരുന്നു.

ഇടുക്കി ജില്ലയിലെ ചെറുതോണിയില്‍ നിരോധിത അശ്ലീലസൈറ്റുകളില്‍ പതിവായി സന്ദര്‍ശനം നടത്തിവന്നിരുന്ന രണ്ടു പേര്‍ക്കെതിരേ ഇടുക്കി പോലീസ് കേസെടുത്തു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. കഴിഞ്ഞ കുറേ നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു.

എറണാകുളം ജില്ലയില്‍  ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുപ്പത്തിയഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കൂത്താട്ടുകുളം ഓലിയപ്പുറം സ്വദേശി ജില്‍സ് (42) ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലയില്‍ 25 പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 35 വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്ന് നാല്‍പതോളം മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍, സൈബര്‍ സ്റ്റേഷന്‍, ബന്ധപ്പെട്ട സ്റ്റേഷനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍ സൈബര്‍ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.