കയ്പമംഗലത്തെ വിദ്യാഭ്യാസ പദ്ധതിയിൽ ഒരു പൊൻതൂവലായി 'സുമേധ' ആപ്പ്

EDUCATION Jun 10, 2021

തൃശ്ശൂര്‍: കയ്പമംഗലം മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ 'അക്ഷരകൈരളി'യിലൂടെ  വിദ്യാർത്ഥികൾക്ക് പുതിയൊരു 'ആപ്പ്' കൂടി. അക്ഷരകൈരളിയുടെ ഉപഗ്രൂപ്പായ 'സുമേധ' പദ്ധതിയിലൂടെയാണ് മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും തയ്യാറാക്കിയത്. സുമേധ എന്ന് തന്നെ പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ കൈറ്റ്സ് ഫൗണ്ടേഷൻ എന്ന എൻ ജി ഒ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുമേധ പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

'സുമേധ' മൊബൈൽ ആപ്പിന്റെയും വെബ്സൈറ്റിന്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ സമീപം. 

ആപ്പ് മുഖേന മണ്ഡലത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് ഓൺലൈനായി പരിശീലനം നേടാനാകും.  മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്ലാസുകൾ, മുൻകാല ചോദ്യപേപ്പറുകൾ, പഠിക്കാൻ ആവശ്യമായ നോട്ടുകൾ, പൊതുവിജ്ഞാനം, ടെസ്റ്റ് സീരീസുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. യു പി തലം മുതൽ ഹയർസെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ ക്വിസ് മത്സരങ്ങൾക്കും എൽ എസ് എസ്, യു എസ് എസ്, നാഷണൽ റിസർച്ച് എന്നീ പരീക്ഷകൾക്ക് പ്രയോജനപ്പെടുന്ന രീതിയിലും പി എ സി മുതൽ സിവിൽ സർവീസ് വരെയുള്ള മത്സരപരീക്ഷകൾക്ക് പരിശീലിക്കുന്നവർക്ക് ആ രീതിയിലും പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.

കയ്പമംഗലം മണ്ഡലത്തിൽ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഉന്നത വിദ്യാഭ്യാസ പദ്ധതിയാണ് സുമേധ. എൽ പി തലം മുതൽ ബിരുദാനന്തര തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയും പി എസ് സി, യു പി എസ് സി, കെ എ എസ്, തുടങ്ങി സിവിൽ സർവീസ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുമാണ് 2018ൽ സുമേധ സിവിൽ സർവീസ് അക്കാദമി ആരംഭിച്ചത്. മണ്ഡലത്തിലെ പെരിഞ്ഞനം കേന്ദ്രീകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതി കോവിഡ് കാലത്ത് ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസയജ്ഞം കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കിയ അക്ഷരകൈരളി വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ വിദ്യാഭ്യാസ വികസനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2016-17 ൽ ആരംഭിച്ച പദ്ധതി സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു വിദ്യാഭ്യാസ പദ്ധതിയായാണ് നിലനിൽക്കുന്നത്. അക്ഷരകൈരളി പദ്ധതിയുടെ ഭാഗമായി 11 ഉപഗ്രൂപ്പുകൾ രൂപീകരിച്ച് വിവിധ പദ്ധതികൾ അതിലൂടെ നടപ്പാക്കുകയാണ് ആദ്യം ചെയ്തത്. സുമേധയെ കൂടാതെ വായനാവസന്തം, സയൻഷ്യ, കലാമുറ്റം, സ്വരക്ഷ, ഐ.ടി, ചാരുത, സോഷ്യൽ സയൻസ്, ഗണിതം, ഇംഗ്ലീഷ്, തളിർ എന്നീ 11 ഗ്രൂപ്പുകളും വ്യത്യസ്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എംഎൽഎ ചെയർമാനായി, പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന, വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യം നേടിയവരും പ്രഗത്ഭരുമായ ആളുകൾ കൺവീനർമാരായ സമിതിയാണ് ഗ്രൂപ്പിനെ നയിക്കുന്നത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.