ഇന്ത്യയില്‍ 5 ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള

celebrity May 31, 2021

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5 ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ജൂഹി, 5 ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.5 ജി സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്കും, ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹർജിയില്‍ പറയുന്നു.

"സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് ഞങ്ങള്‍ എതിരല്ല. വയര്‍ലെസ് ആശയവിനിമയ സംവിധാനങ്ങളടക്കം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. നൂതന ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും, വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നും നെറ്റ് വര്‍ക്ക്‌ ടവറുകളില്‍ നിന്നുമുള്ള റേഡിയോ ഫ്രീക്വന്‍സി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഞങ്ങള്‍ നിരന്തരമായ ആശയക്കുപ്പത്തിലാണ്. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് മതിയായ കാരണമുണ്ട്." - ജൂഹി ചൗള പറഞ്ഞു.

5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിർദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജൂഹി ചൗളയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ കാര്യക്ഷമമായ പഠനങ്ങള്‍ നടത്തണമെന്നും അവരുടെ വക്താവ് ആവശ്യപ്പെട്ടു.

ജസ്റ്റിസ് സി. ഹരിശങ്കറിന്‍റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്.എന്നാല്‍ കേസില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് സി. ഹരിശങ്കര്‍, ഇത് ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് വിട്ടു. കേസില്‍ ജൂണ്‍ 2ന് വീണ്ടും വാദം കേള്‍ക്കും.

മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളിലെ ഏറ്റവും പുതിയ സേവനമാണ് 5 ജി. പ്രധാനമായും ലോ, മിഡ്, ഹൈ-ഫ്രീക്വന്‍സി എന്നിങ്ങനെ മൂന്ന് ബാന്‍ഡുകളിലാണ് 5 ജി പ്രവര്‍ത്തിക്കുന്നത്, ഇവയ്ക്കെല്ലാം അവരുടേതായ ഉപയോഗങ്ങളും പരിമിതികളും ഉണ്ട്. മികച്ച നെറ്റ് വര്‍ക്ക്‌ വേഗതയും കരുത്തും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2018-ല്‍ തന്നെ ഇന്ത്യ 5 ജി സേവനങ്ങള്‍ എത്രയും വേഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.