ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപ്ലവത്തിന്‍റെ തുടക്കം കേരളത്തിൽ നിന്ന്...എഡ്ഡി ലവ് ബേഡ്‌സ് കാറിന്‍റെ കഥ

ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപ്ലവത്തിന്‍റെ തുടക്കം കേരളത്തിൽ നിന്ന്...എഡ്ഡി ലവ് ബേഡ്‌സ് കാറിന്‍റെ കഥ

തൃശ്ശൂര്‍: ഇലക്ട്രിക് കാറുകൾ ഇന്ത്യൻ നിരത്തുകളിൽ മാറ്റത്തിന്‍റെ വിപ്ലവമൊരുക്കുമ്പോള്‍ 25 വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ ആദ്യ ഇലക്ട്രിക് കാർ നിർമ്മിച്ചത് കേരളത്തിലായിരുന്നു. തൃശ്ശൂർ ചാലക്കുടിയിലെ എഡ്ഡി കറന്‍റ് കൺട്രോൾസ് എന്ന സ്ഥാപനമായിരുന്നു 1993ൽ ലവ് ബേഡ്‌സ് എന്ന ഇലക്ട്രിക് കാർ വാണിജ്യ അടിസ്ഥാനത്തിൽ വിപണിയിലെത്തിച്ചത്.

1971ൽ ഗവേഷകനും വ്യവസായിയുമായ എൻ ഡി ജോസ് ചാലക്കുടിയിൽ സ്ഥാപിച്ച സ്ഥാപനമായിരുന്നു എഡ്ഡി കറന്‍റ് കൺട്രോൾസ്. പുത്തൻ സാങ്കേതിക വിദ്യകളിൽ തല്‍പരനായിരുന്ന അദ്ദേഹം, സ്റ്റീൽ ഷാസിയിൽ ഫൈബർ ഗ്ലാസിൽ നിർമ്മിച്ച കുഞ്ഞൻ കാർ അക്കാലത്തെ ആളുകളുടെ ഇഷ്ടം നേടിയ വാഹനമായിരുന്നു. രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന ലവ് ബേഡിൽ ലെഡ് ആസിഡ് ബാറ്ററിയായിരുന്നു ഉപയോഗിച്ചിരുന്നത്. 8 മണിക്കൂർ ചാർജ്‌ ചെയ്താൽ 60 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ഈ വാഹനം പെർഫോമൻസിന്‍റെ കാര്യത്തിലും മുന്നിൽ തന്നെയായിരുന്നു. ഹൈദരാബാദ് എനർജി കൺസർവേഷൻ ഡിപ്പാർട്ട്‌മെന്‍റ് , ചണ്ഡീഗഡ് ഗവണ്മെന്‍റ് തുടങ്ങിയവർക്കടക്കം 25ഓളം ലവ് ബേഡ് കാറുകൾ വിൽപ്പന നടത്താനായെങ്കിലും കാലത്തിന് മുന്നേ സഞ്ചരിച്ച പലർക്കും സംഭവിച്ചതുപോലെ ഗവൺമെന്‍റ് സബ്‌സിഡി പിൻവലിച്ചതോടെ ഉത്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരാകുകയായിരുന്നു.

ഇന്ത്യൻ നിരത്തുകളിൽ ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുന്നേ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ എൻ ഡി ജോസ് എന്ന ഗവേഷകന്‍റെ അന്വേഷണ ത്വര നിരത്തിൽ ഓടുന്ന വാഹങ്ങളിൽ ഒതുങ്ങി നിന്നിരുന്നതല്ലായിരുന്നു. കഴിഞ്ഞയിടെ അന്തരിച്ച അദ്ദേഹം ഏർപ്പെട്ടിരുന്നത് ഭാവിയുടെ അതിവേഗ യാത്രാ സാങ്കേതിക വിദ്യയായ ഹൈപ്പർലൂപ്പ് പരീക്ഷണങ്ങളിലായിരുന്നു. ലവ് ബേർഡ് കാറുകൾക്ക് ശേഷം ഏറെക്കാലം ഇലക്ട്രിക് വാഹനങ്ങളുടെ ഘടക നിർമ്മാണത്തിൽ സജീവമായിരുന്ന എഡ്ഡി കൺട്രോൾസ് ഇപ്പോൾ ഇന്ത്യൻ നേവി, റയിൽവേ, തുടങ്ങിയവക്കായി ഇലക്ട്രിക് ട്രാക്കുകളും അമൃത ഇൻസ്റ്റിറ്റ്യൂട്ടിനായി ഇലക്ട്രിക് കാർട്ട്, ഇലക്ട്രിക് സൈക്കിൾ തുടങ്ങിയവ നിർമിച്ചുകൊണ്ട് ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ കേരളത്തിന്‍റെ സാന്നിധ്യമായി മാറാനുള്ള തയാറെടുപ്പിലാണ്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix