ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കു മെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

COVID19 Jun 1, 2021

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ മാസത്തോടെ പൂര്‍ണ്ണമായും ഒഴിവാക്കനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതല്‍  പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് വ്യക്തമാക്കി.

കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഷെഡ്യൂളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും നിലവില്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് നല്‍കിയ 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കണം. കോവാക്‌സിനും ഇതേ ഷെഡ്യൂള്‍ ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രണ്ടു വ്യത്യസ്ത വാക്‌സിന്‍ ഡോസ് എടുക്കുന്നത് നിലവില്‍ അനുവദനീയമല്ല. രണ്ടു ഡോസും ഒരേ വാക്‌സിന്‍ തന്നെ എടുക്കണമെന്നാണ് പ്രോട്ടോക്കോള്‍. വാക്‌സിനുകള്‍ ഇടകലര്‍ത്തി എടുക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ഗവേഷണം നടന്നുവരികയാണ്. അതിന്റെ പോസിറ്റിവ് ഫല സാധ്യത വിശ്വസനീയമാണെങ്കിലും ദോഷകരമായ പ്രതികരണങ്ങളും തള്ളികളയാനാവില്ല. ശാസ്ത്രം തന്നെ അതിന് ഉത്തരം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വാക്‌സിന്റെ ദര്‍ലൗഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗ്‌സ്റ്റ് ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാകും. ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഐസിഎംആര്‍ മേധാവി അറിയിച്ചു.

രാജ്യത്ത് ഇതുവരെ 21.60 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതില്‍ 1.67 കോടി ഡോസ് ആരോഗ്യ പ്രവര്‍ത്തര്‍ക്കാണ് നല്‍കിയത്. 2.42 കോടി കോവിഡ് മുന്‍നിര പോരാളികള്‍ക്ക്, 15.48 കോടി ഡോസ് 45 വയസിന് മുകളിലുള്ളവര്‍ക്ക്, 18നും 44 വയസിനും ഇടയിലുള്ളവര്‍ക്കുമായി 2.03 ഡോസ് വാക്‌സിനും വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.