‘മാതൃകാ വാടകനിയമ’ത്തിന്‍റെ കരടിന് അനുമതി നൽകി കേന്ദ്രമന്ത്രിസഭ

GOVERNMENT OF INDIA Jun 3, 2021

ന്യൂഡല്‍ഹി: നിലവിലെ വാടകനിയമങ്ങൾ പരിഷ്കരിക്കുകയോ പുതിയനിയമങ്ങൾ ഉണ്ടാക്കുകയോ ചെയ്യാൻ സഹായിക്കുന്ന ‘മാതൃകാ വാടകനിയമ’ത്തിന്‍റെ കരടിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പുതിയ നിയമനിർമാണം നടത്താൻ മാതൃകാനിയമം സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കും.

ആൾപ്പാർപ്പില്ലാത്ത വീടുകൾ വാടക ആവശ്യത്തിന് ഉപയോഗിക്കാൻ മാതൃകാനിയമം സഹായകമാവും. സ്വകാര്യ സംരംഭകർക്ക് ബിസിനസ് മോഡലായി ഈ രംഗത്തേക്ക് കടന്നുവരാനും വീടുകളുടെ ദൗർലഭ്യം കുറയ്ക്കാനും സാധിക്കുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാജ്യമൊട്ടുക്കും പുതിയൊരു നിയമചട്ടക്കൂടുണ്ടാക്കി വാടകമേഖലയിൽ മാറ്റവും വളർച്ചയും കൈവരിക്കാനാവും. ഉണർവുള്ളതും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്നതുമായ വാടകവിപണി സൃഷ്ടിക്കലാണ് ലക്ഷ്യം. എല്ലാ തലത്തിലുമുള്ള വരുമാനക്കാർക്കായി ആവശ്യത്തിന് വാടകവീടുകൾ ലഭ്യമാകണം. വീടില്ലായ്മ എന്ന പ്രശ്നം അതുവഴി പരിഹരിക്കാനാവും.

‘മാതൃകാ വാടകനിയമ’ത്തിലെ വ്യവസ്ഥകള്‍

താമസം, വാണിജ്യ-വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾക്ക് കെട്ടിടങ്ങൾ വാടകയ്ക്കുനൽകുന്നതിന് ബാധകം. വ്യാവസായിക ആവശ്യങ്ങൾ, ലോഡ്ജിങ്, ഹോട്ടൽനടത്തിപ്പ് എന്നിവയ്ക്ക് ബാധകമല്ല.
നിലവിലെ വാടകക്കാരെ ബാധിക്കില്ല. വ്യവസ്ഥകൾക്ക് മുൻകാല പ്രാബല്യമില്ല.
വാടകക്കരാർ നിർബന്ധം.
താമസത്തിനാണ് വാടകയ്ക്കെടുക്കുന്നതെങ്കിൽ രണ്ടുമാസത്തെയും വാണിജ്യാവശ്യങ്ങൾക്കാണെങ്കിൽ ആറുമാസത്തെയും വാടക മുൻകൂറായി വാങ്ങാം
സംസ്ഥാനങ്ങള്‍ വാടക അതോറിറ്റി, വാടകക്കോടതി, വാടക ട്രൈബ്യൂണൽ എന്നിവ രൂപവത്കരിക്കണം.
വാടകകൂട്ടൽ, വാടകക്കാരനെ ഒഴിപ്പിക്കൽ എന്നിവ സംബന്ധിച്ച് സുതാര്യമായ വ്യവസ്ഥകൾ രൂപീകരിക്കണം.
വാടകകൂട്ടുന്നതിന്‌ മൂന്നുമാസംമുമ്പ്‌ അക്കാര്യം രേഖാമൂലം അറിയിക്കണം.
തർക്കമുണ്ടായാൽ വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിക്കരുത്.
24 മണിക്കൂർമുമ്പ്‌ നോട്ടീസ് നൽകാതെ കെട്ടിട ഉടമ അറ്റകുറ്റപ്പണികൾ നടത്താൻ വാടകക്കെട്ടിടത്തിൽ പ്രവേശിക്കരുത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.