കൊപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി

കൊപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി

കൊപ്പെല്‍ (ഡാലസ്): അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6ലേക്ക് മലയാളി ഐടി വിദഗ്ധന്‍ ബിജു മാത്യു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.മെയ്  ഒന്നിന് നടന്ന തിരെഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 2911 വോട്ടുകൾ ബിജുവിന് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി മാർക്ക് സ്മിറ്സിനു 2453 വോട്ടുകളാണ് നേടാനായത്.

ബിജു മാത്യു 

കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക്  2018ലാണ്  ബിജു ആദ്യമായി  തിരഞ്ഞെടുക്കപ്പെട്ടത്.കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു ബിജു മാത്യു.പ്രാദേശിക ഭരണകൂടത്തിന്‍റെ ഭാഗമാവുന്നത് സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജു മാത്യുവിന്റെ വിലയിരുത്തല്‍.ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും അവരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷക്കും അച്ചടക്കത്തിനും, മുതിര്‍ന്നവരുടെ സംരക്ഷണത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ശ്രദ്ധേയമായ സംഭാവന നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് കഴിയുക. അതുകൊണ്ട് തന്നെ അതിലൊരു പ്രാതിനിധ്യമാണ് ബിജു മാത്യു ആഗ്രഹിക്കുന്നത്. ശക്തമായ കൊപ്പേല്‍, സുരക്ഷിതമായ കൊപ്പേല്‍, ഊജസ്വലമായ കൊപ്പേല്‍ എന്നതായിരുന്നു ബിജുവിന്റെ മുദ്രാ വാക്യം.

മാസച്യൂസെറ്റ്‌സിലെ ബോസ്റ്റണില്‍ നിന്നും ഡാലസിലേക്ക് തട്ടകം മാറ്റിയ ബിജു മാത്യു കഴിഞ്ഞ പതിനാല്‌ വര്‍ഷമായി കൊപ്പേല്‍ നിവാസിയാണ്. 41,000 ജനസംഖ്യയുള്ള കൊപ്പേല്‍ സിറ്റിയില്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം നിലവില്‍ കൊപ്പേല്‍ റിക്രിയേഷന്‍ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റാണ്. സിറ്റി ബോര്‍ഡില്‍ എട്ടു വര്‍ഷവും പാര്‍ക്‌സ് ആന്‍ഡി റിക്രിയേഷന്‍ ബോര്‍ഡില്‍ നാലുവര്‍ഷവും പ്രവര്‍ത്തിക്കുകയുണ്ടായി.കൊപ്പേല്‍ സിറ്റിസണ്‍സ് പൊലിസ് അക്കാദമി ബിരുദധാരിയായ ബിജു അക്കാദമിയുടെ ആലുംനൈ ഗ്രൂപ്പായ സിപിഎസി അംഗമാണ്.

സാമൂഹ്യരംഗത്തും ബിജു മാത്യു സജീവമാണ്. കൊപ്പേല്‍ റോട്ടറി ക്ലബ്ബിലും കോട്ടണ്‍വുഡ് ക്രീക്ക് പിടിഒയിലും പ്രവര്‍ത്തിക്കുന്നു. സിറ്റിയിലെ ഡാഡ്‌സ് ക്ലബ്ബിലും അംഗത്വമുണ്ട്. വാക്ക് ടു സ്‌കൂള്‍ വെനസ്‌ഡേ എന്ന സംഘടനയിലും സജീവമാണ്.

ബോസ്റ്റണിലെ സഫോക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സും നേടിയ ബിജു മാത്യു ഇരുപതു വര്‍ഷമായി ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.ഫിസിഷ്യന്‍ അസിസ്റ്റന്റായ ഷിജിയാണ് ഭാര്യ. മൂന്ന് ആണ്‍കുട്ടികളുടെ പിതാവാണ്.

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://bit.ly/2Rn4i8R

വാര്‍ത്തകള്‍ അയക്കാം Whatsapp: 8593029151, 7306107916