ബാലൻ പിള്ള സിറ്റി എന്ന പേരിനു കാരണമായ കെ.പി. ബാലകൃഷ്ണ പിള്ള അന്തരിച്ചു

OBITUARY May 27, 2021

നെടുങ്കണ്ടം/കലവൂർ: ഇടുക്കി ജില്ലയിലെ ബാലൻ പിള്ള സിറ്റി എന്ന പേരിനു കാരണമായ പാതിരപ്പള്ളി സൗപർണികയിൽ കെ.പി. ബാലകൃഷ്ണ പിള്ള (96) അന്തരിച്ചു.

ഇടുക്കി നെടുങ്കണ്ടം രാമക്കൽമേടിനു സമീപമുള്ള കൊച്ചു ടൗണാണ് ബാലൻ പിള്ള സിറ്റി.ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ ബാലകൃഷ്ണപിള്ള എന്ന ബാലൻ പിള്ളയ്ക്ക് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലെ തിരു–കൊച്ചി സർക്കാരിന്റെ അവസാനകാലത്ത്, 1956 ൽ ആണ് ഇടുക്കിയിൽ കുടിയേറ്റ ഭൂമി അനുവദിച്ചത്. കല്ലാറിനടുത്ത് ആദ്യം ഭൂമി കിട്ടിയെങ്കിലും ആ സ്ഥലം കൈപ്പറ്റാനായില്ല.  രാമക്കൽമേട്ടിലെ 1076–ാം നമ്പർ ബ്ലോക്കിൽ രണ്ടാമത് സ്ഥലം കിട്ടി. 1957 ൽ ബാലൻ പിള്ള രാമക്കൽമേട്ടിലെത്തി. വനഭൂമി കൃഷിഭൂമിയാക്കാൻ സർക്കാർ നൽകിയ 2000 രൂപയായിരുന്നു മൂലധനം.

കാടുതെളിച്ച് കപ്പയും കാപ്പിയും ഏലവും കൃഷിചെയ്തു.  പലചരക്കു കടയും ചായക്കടയും തയ്യൽക്കടയും ചിട്ടിക്കമ്പനിയും നടത്തി.  ആ നാട് ബാലൻ പിള്ളയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി – ‘ബാലൻപിള്ള സിറ്റി’.

കമ്പംമേട്ടിൽ ആദ്യത്തെ പോസ്റ്റ് ഓഫിസും സർക്കാർ സ്കൂളും ബാലൻ പിള്ളയുടെ കൂടി ശ്രമഫലമായി ആരംഭിച്ചതാണ്. കാൽ നൂറ്റാണ്ടു മുൻപ് ബാലൻ പിള്ള ഇടുക്കി വിട്ടു. പാതിരപ്പള്ളിയിലെ മകൾ ഗീതയുടെ വീട്ടിലായി താമസം. ഏതാനും വർഷം മുൻപ് ഭാര്യ ഭാർഗവി മരിച്ചു.  മക്കൾ: ചന്ദ്രമോഹൻ, വിമല കുമാരി, ശ്രീദേവി, രവീന്ദ്രനാഥ്, ശ്രീകുമാർ, ഗീതാ മോഹൻ. ബാലൻ പിള്ളയുടെ സംസ്കാരം നടത്തി.

ലാൽജോസിന്റെ സംവിധാനത്തിൽ 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് ബാലൻപിള്ള സിറ്റിയെക്കുറിച്ച് കൂടുതൽ ആളുകൾ അറിയുന്നത്. സിനിമയിൽ സിറ്റിയും ബാലൻപിള്ളയും പ്രധാന കഥാപത്രങ്ങളായിരുന്നു. ബാലൻപിള്ളയായി അഭിനയിച്ചത് നടൻ ജനാർദനനും. എന്നാൽ, ശരിക്കുള്ള ബാലൻപിള്ള സിറ്റിയിലായിരുന്നില്ല സിനിമാ ചിത്രീകരണം നടന്നത്. തൊടുപുഴയ്ക്ക് സമീപം മുണ്ടൻമുടിയിലായിരുന്നു സെറ്റ്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.