ബചേന്ദ്രി പാൽ: എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത

ADVENTURE May 26, 2021

ഉത്തരാഞ്ചൽ സംസ്ഥാനത്തെ ഉത്തർകാശി ജില്ലയിൽ നാകുരി ഗ്രാമത്തിൽ കിഷൻ സിംഗ് പാൽ- ഹംസാദേവി ദമ്പതികളുടെ മകളായാണ് ബചേന്ദ്രി പാൽ ജനിച്ചത്.ഇന്ത്യയില്‍ നിന്നും ടിബറ്റിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വ്യാപാരിയായിരുന്നു അച്ഛന്‍ കിഷന്‍ സിംഗ്. താഴ്ന്ന വരുമാനത്തിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിലെ ഏഴു കുട്ടികളിൽ മൂന്നാമത്തെയാളായിരുന്നു ബചേന്ദ്രി.പഠിച്ച് ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും എട്ടാം തരം പാസായ ബചേന്ദ്രിയോട് പഠനം നിർത്തുവാൻ പിതാവിന് ആവശ്യപ്പെടേണ്ടി വന്നു.

തുടര്‍ പഠനം

സ്കൂൾവിദ്യാഭ്യാസം തൽക്കാലത്തേക്ക് മുടങ്ങിയെങ്കിലും തുടർന്ന് പഠിക്കുവാനുള്ള ആഗ്രഹം ശക്തമായി. പകൽ ഗാർഹിക ജോലികളും രാത്രി വായനയുമായി ബചേന്ദ്രി മുന്നോട്ട് നീങ്ങി. ഈ നിശ്ചയദാർഡ്യം കണ്ട മൂത്ത സഹോദരന്‍റെ പ്രേരണമൂലം മാതാപിതാക്കൾ ബചേന്ദിയെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ അനുവദിച്ചു. നല്ല മാർക്കോടെ പത്താംതരം പാസ്സായ ബചേന്ദ്രി സ്കൂൾ പ്രിൻസിപ്പലിന്റെ പ്രോൽസാഹനസഹായങ്ങളോടെ കോളേജ് വിദ്യാഭ്യാസം തുടങ്ങുകയും, ബിരുദമെടുക്കുകയും ചെയ്തു. തുടർന്ന് സംസ്കൃതത്തിൽ ബിരുദാനന്തരബിരുദവും, ബി.എഡും നേടി.

പർവതാരോഹണത്തിലേക്ക്

അധ്യാപികയാവുന്നതിനേക്കാൾ സ്കൂള്‍ പഠന കാലം മുതല്‍ താല്പര്യത്തോടെ ചെയ്തുവന്ന പർവ്വതാരോഹണ പരിശീലനത്തിനായി ബചേന്ദ്രി പാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ ചേർന്നു.പരിശീലനകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച ബചേന്ദ്രി 1982-ൽ ഗംഗോത്രി (6,672 മീ/ 21900 അടി), രുദുഗിരിയ (5,819 മീ/ 19091 അടി) എന്നിവ കീഴടക്കി.

എവറസ്റ്റ് കൊടുമുടിയിലേക്ക്

1984-ൽ ഇന്ത്യയുടെ നാലാമത്തെ എവറസ്റ്റ് ദൗത്യസംഘത്തിന്‍റെ ഭാഗമായിരുന്നു ബചേന്ദ്രി. ആറു വനിതകളും, പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേഷണ സംഘം. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നുമാണ് സംഘം എവറസ്റ്റ് പര്യവേഷണം തുടങ്ങിയത്. 24,000 അടി ഉയരത്തിൽ ഒരു മഞ്ഞിടിച്ചിലിൽ തലക്ക് പരിക്കേറ്റുവെങ്കിലും മനഃസ്ഥൈര്യത്തോടെ മുന്നേറുകയും മേയ് 23, ഉച്ചക്ക് 1:07 മണിക്ക് എവറസ്റ്റിന്റെ നിറുകയിലെത്തുകയും ചെയ്തു.ടാറ്റാ സ്റ്റീൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെ മേധാവിയായി 2019 വരെ പ്രവർത്തിച്ചിരുന്നു.

ബഹുമതികൾ

പത്മശ്രീ (1985),അർജുന അവാർഡ് (1986),ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് (1990),ഉത്തർപ്രദേശ് സർക്കാരിന്റെ യശ് ഭാരതി അവാർഡ് (1995),ഓണററി ഡി.ലിറ്റ് ബിരുദം, ഗഡ്‌വാൾ യൂണിവേഴ്സിറ്റി (1997),മഹിളാ ശിരോമണി അവാർഡ് (1997).

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.