ജി സുധാകരനെതിരായ പരാതിയിൽ അനുനയ ചർച്ചക്ക് സിപിഎം ജില്ലാ നേതൃത്വം

ജി സുധാകരനെതിരായ പരാതിയിൽ അനുനയ ചർച്ചക്ക് സിപിഎം ജില്ലാ നേതൃത്വം

ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ മന്ത്രി ജി സുധാകരനെതിരെ എസ്എഫ്ഐ മുൻ വനിതാ നേതാവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് മുൻ അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ അനുനയ ചർച്ചയ്ക്ക് മുൻകൈയെടുത്ത് സിപിഐഎം ജില്ലാ നേതൃത്വം. മന്ത്രിക്കെതിരായ പരാതി മാധ്യമങ്ങളിൽ വർത്തയായതിനെയും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായതിനെയും തുടർന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അനുനയ ചർച്ചയ്ക്കുള്ള നീക്കവുമായി ജില്ലാ നേതൃത്വം മുന്നോട്ട് വന്നത്.

മന്ത്രിക്കെതിരെയായ പരാതി പൊതുസമൂഹത്തിനിടയിൽ പാർട്ടിക്കും സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മന്ത്രിക്കും അവമതിപ്പുണ്ടാക്കി എന്നാണ് പാർട്ടി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റി നിർദ്ദേശം നടപ്പാക്കുവാൻ ജില്ലാ സെക്രട്ടറി നേരിട്ട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ അമ്പലപ്പുഴ ഏരിയ സെക്രട്ടറിയും ഏരിയ കമ്മിറ്റിയിലെ ലോക്കൽ കമ്മിറ്റി ചുമതലക്കാരും പുറക്കാട് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും. എന്നാൽ പരാതിയിന്മേൽ ഉറച്ചുനിൽക്കുകയാണ് എന്നാണ് പരാതിക്കാരിയുടെ നിലപാട്. അതേസമയം മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ അമ്പലപ്പുഴ പോലിസ് നിയോപദേശം തേടി. പരാതിയിന്മേൽ ഇതുവരെയായും പോലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല.

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
*https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ*